എട്ടാം തരം വരെ ഇനി വെറുതേ ജയിക്കില്ല ; മാര്‍ക്ക് ഇല്ലെങ്കില്‍ തോല്‍ക്കും

ന്യൂഡല്‍ഹി: എട്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു.

അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇനി തോല്‍പ്പിക്കും.

കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

ഇതിനെതുടര്‍ന്ന്, അഞ്ചാം തരത്തിലും എട്ടാം തരത്തിലും പഠന നിലവാരം തീരെ മോശമായവരെ തോല്‍പിക്കാം.

പക്ഷേ, ജയിക്കാനായി ഒരവസരം കൂടി നല്‍കും, ഇതിനായി തോറ്റവര്‍ക്കായി രണ്ടാമതൊരു പരീക്ഷ കൂടി നടത്തണം. അതിലും കടന്നുകൂടാനായില്ലെങ്കില്‍ തോല്‍വി ഉറപ്പ്.

2010 ഏപ്രില്‍ ഒന്നിനാണ് നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശനിയമം നിലവില്‍ വന്നത്. ഇത് പ്രകാരം എട്ടാം തരം വരെ മുഴുന്‍ വിദ്യാര്‍ത്ഥികളേയും സമഗ്ര നിരന്തര മൂല്യനിര്‍ണയ പ്രകാരം അടുത്ത ക്ലാസിലേക്ക് ജയിപ്പിക്കണമായിരുന്നു.

ഇതില്‍ മാറ്റം വരുത്തി അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മെയ്, ജൂണ്‍ മാസങ്ങളിലായി അവര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കണം.

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതിനാല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റില്‍ വൈകാതെ ബില്‍ അവതരിപ്പിക്കും.

പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 20 അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് കൂടി ഇതോടൊപ്പം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കി. ഇതില്‍ പത്തെണ്ണം സ്വകാര്യ മേഖലയിലും പത്ത് വിദ്യാലയങ്ങള്‍ പൊതുമേഖലയിലുമായിരിക്കും.

Top