തിരുവനന്തപുരം ∙ പത്തു മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളുമായി വിദ്യാഭ്യാസമേഖല. 10, 12 ക്ലാസുകൾ ഇന്നു മുതൽ ഭാഗികമായും കോളജുകൾ തിങ്കളാഴ്ച മുതലും പുനരാരംഭിക്കും. 5500ലേറെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ 10 ലക്ഷത്തിലേറെ വിദ്യാർഥികൾ ഇന്നുമുതൽ വീണ്ടും നേരിട്ടുള്ള പഠനത്തിലേക്ക് കടക്കും.
കോവിഡ് വ്യാപനഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലുകളിലൂടെ മഹാമാരിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താനാണ് തീരുമാനം.