അബുദാബി: യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 17 മുതല്‍ കുട്ടികള്‍ സ്‍കൂളുകളിലേക്ക് തിരിച്ചെത്താനിരിക്കവെയാണ് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നത് നീട്ടിവെച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്.
വിദൂര വിദ്യാഭ്യാസ രീതി തന്നെ തുടരാന്‍ തീരുമാനിച്ച വിവരം സ്‍കൂളുകളെ അറിയിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സ്‍കൂളില്‍ വന്ന് പഠനം തുടരാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികളോടും തത്കാലം ഓണ്‍ലൈന്‍ രീതി തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി. ഈ മാസം ആദ്യം മുതല്‍ രാജ്യത്തെ കൊവിഡ് കേസുകളുകളിലുണ്ടാകുന്ന വര്‍ദ്ധനവ് കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.