ക്ലാസിക് 500 പെഗാസസ് മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലേക്ക്

ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് 500 പെഗാസസ് മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലേക്ക്. യുകെയില്‍ നടന്ന ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഔദ്യോഗികമായി അവതരിപ്പിച്ചു. ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും; 190 എണ്ണം ബ്രിട്ടണ്‍ വിപണിയിലെത്തും. 4,999 പൗണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിളിന് നാലര ലക്ഷം രൂപയ്ക്ക് മേലെ വില രേഖപ്പെടുത്തും. ജൂലായ് മാസം മുതല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും.

സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ നിറങ്ങളില്‍ മാത്രമാണ് പെഗാസസ് അണിനിരക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച ‘250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനി’യുടെ സ്മരണാര്‍ത്ഥം പെഗാസസിന്റെ ഇന്ധനടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പര്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മറൂണ്‍, ബ്ലൂ നിറങ്ങളില്‍ ഒരുങ്ങിയ പെഗാസസ് എബ്ലവും ഇന്ധനടാങ്കില്‍ ഇടംപിടിക്കുന്നു. ഇതിനെല്ലാം പുറമെ ബാറ്ററി ബോക്‌സില്‍ പതിപ്പിച്ച ‘മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്’ എന്ന ടാഗ്‌ലൈന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖുദ്രയാണ്. തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം.

പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനുമുണ്ട്. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പ്രത്യേകതകളാണ്. ഹെഡ്‌ലാമ്പിനു ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ല. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 ലുള്ളത്. 194 കിലോയാണ് ക്ലാസിക് 500 പെഗാസസിന് ഭാരം. ഇന്ത്യയ്ക്കും ബ്രിട്ടണിനും പുറമെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് 500 പൊഗസസ് വില്‍പനയ്ക്ക് എത്തും.

Top