ന്യൂഡല്‍ഹി: സംവരണ ആനുകൂല്യമുള്ള ഒബിസി വിഭാഗത്തെ സാമ്പത്തികമായി വീണ്ടും രണ്ടായി തിരിക്കരുതെന്ന് സുപ്രീം കോടതി. ഹരിയാന സര്‍ക്കാരിന്റെ വിവാദ നടപടിയാണ് എല്‍ നാഗേശ്വര റാവു, അനിരുദ്ധ് ബോസ് എന്നിവരുടെ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയത്. നോണ്‍ ക്രീമിലെയര്‍ ഒബിസിയെ ഹരിയാന സര്‍ക്കാര്‍ രണ്ടായി വിഭജിച്ചിരുന്നു. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് ഉത്തരവിറക്കിയത്.
മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ വരുമാനമുളളവരെ രണ്ടാമത് പരിഗണിച്ചാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും നോണ്‍ ക്രീമിലെയറിനെ വീണ്ടും സാമ്പത്തികമായി വിഭജിക്കുന്നത് നീതി നിഷേധമാണെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി ശരിവെച്ചത്.
പുതിയ വിജ്ഞാപനം മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ റദ്ദാക്കിയ വിജ്ഞാപനത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്ത് ഇതിനോടകം നടന്നിട്ടുള്ള നിയമനങ്ങളും അഡ്മിഷനുകളും ഇല്ലാതാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.