ഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചന്‍ എന്ന വ്യക്തി നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന്റെ സി- ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
മറ്റൂരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിന് ഭൂമി വില്‍ക്കാനുള്ള തീരുമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചര്‍ച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.