അത്ര ‘ക്ലീൻ’ അല്ലാത്ത മുകുന്ദൻ ഉണ്ണിക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ; വിനീത് ശ്രീനിവാസൻ ചിത്രം നവംബർ 11ന് തിയറ്ററുകളിൽ

വിനീത് ശ്രീനിവാസൻ ടൈറ്റിൽ റോളിലെത്തുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ന്റെ സെൻസറിം​ഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എഡിറ്റർ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 11ന് തിയറ്ററുകളിൽ എത്തും.

അഭിഭാഷകനായാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നർമത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ പ്രമോഷൻ രീതി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രമോഷനുകൾ എന്നതായിരുന്നു അതിന് കാരണം.

വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ, സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Top