തെലങ്കാന: ബാങ്ക് ജീവനക്കാരന്റെ അബദ്ധത്തെ തുടർന്ന് ഒന്നരക്കോടി രൂപ 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫറായി. ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനിടെയാണ് എസ്.ബി.ഐ ജീവനക്കാരന് അബദ്ധം സംഭവിച്ചത് .തെലങ്കാന സർക്കാറിൻറെ ദലിത് ബന്ധു എന്ന പദ്ധതിപ്രകാരം വിതരണം ചെയ്യേണ്ടിയിരുന്ന തുകയായിരുന്നു ഇത്.
ദലിത് കുടുംബങ്ങൾക്ക് വരുമാന മാർഗം കണ്ടെത്തുന്ന പദ്ധതികൾ ആരംഭിക്കാൻ 10 ലക്ഷം വീതം നൽകുന്ന പദ്ധതിയാണ് ദലിത് ബന്ധു. 100 ശതമാനം സബ്സിഡിയിൽ നൽകുന്ന ധനസഹായമാണിത്.
ഈ തുകയാവട്ടെ അബദ്ധത്തിൽ ട്രാൻസ്ഫറായത് ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ്. ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി. അബദ്ധം ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞതോടെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചിൽ നിന്നാണ് പണം ട്രാൻസ്ഫറായത്. തുടർന്ന് ആശുപത്രി ജീവനക്കാരെ ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ച് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു.
പണം ലഭിച്ച 15 പേരിൽ 14 പേരും തുക തിരികെ നൽകി. എന്നാൽ, മഹേഷ് എന്ന ജീവനക്കാരൻറെ അക്കൗണ്ടിലെത്തിയ പണം മാത്രം തിരിച്ചുപിടിക്കാനായിട്ടില്ല. കാരണം, 10 ലക്ഷം രൂപ അക്കൗണ്ടിലെത്തിയപ്പോൾ മഹേഷ് ധരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രകാരം ലഭിച്ച ആനുകൂല്യമാണെന്നായിരുന്നു. വലിയൊരു തുക പിൻവലിച്ച് ഇയാൾ തൻറെ കടംവീട്ടാൻ ഉപയോഗിക്കുകയും ചെയ്തു.
പണം തിരികെ നൽകാൻ ബാങ്ക് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾക്ക് സാധിച്ചിട്ടില്ല. ഇതേത്തുടർന്ന് മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബാങ്ക്. ഇയാളുടെ അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 6.7 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. ബാക്കി വരുന്ന 3.3 ലക്ഷം രൂപ എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആലോചനയിലാണ് ബാങ്ക് അധികൃതർ.
അബദ്ധം സംഭവിച്ച ബാങ്ക് ജീവനക്കാരനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.