ബെയ്ജിങ്: ഗാന്‍സു പ്രവിശ്യയില്‍ അപ്രതീക്ഷിത ശീതക്കാറ്റിലും ഐസ് മഴയിലും പെട്ട് ചൈനയില്‍ 21 കായികതാരങ്ങള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഗാന്‍സു പ്രവിശ്യയിലാണ് അപ്രതീക്ഷിതമായ കൊടും ശൈത്യവും മഴയുമുണ്ടായത്. 100 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. 20-31 കിലോമീറ്റര്‍ എത്തിയ ഘട്ടത്തില്‍ താരങ്ങള്‍ മലമുകളിലായിരിക്കെയായിരുന്നു പെട്ടന്നുണ്ടായ കാലാവസ്ഥാ മാറ്റം.
കുറഞ്ഞ സമയത്തിനുള്ളില്‍ അവിടെ ആലിപ്പഴം വീഴുകയും ഐസ് കഷ്ണങ്ങള്‍ നിറഞ്ഞ മഴ പെയ്യുകയും ചെയ്തു. ഇതിനൊപ്പം ശക്തമായ കാറ്റും വീശാന്‍ തുടങ്ങിയതോടെ താപനില അപകടകരമാം വിധം കുറഞ്ഞുപോവുകയും ചെയ്തു. താപനിലയില്‍ പെട്ടെന്നുണ്ടായ കുറവും അതുമൂലം അനുഭവപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഓട്ടക്കാരെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 172 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 151 പേര്‍ സുരക്ഷിതരാണെന്ന് ദുരന്തനിവാരണ സേന അധികൃതര്‍ അറിയിച്ചു.