കാര്‍ബണ്‍ ഉള്‍ക്കൊള്ളാനുള്ള വനങ്ങളുടെ കഴിവ് ഇല്ലാതാകുന്നതായി പഠനം

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം കാര്‍ബണ്‍ ഉള്‍ക്കൊള്ളാനുള്ള വനത്തിന്റെ കഴിവ് ഇല്ലാതാക്കുമെന്ന് പഠനം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മൂലം മരങ്ങള്‍ ഇല്ലാതാകുന്നതും ഉള്ളവയ്ക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വാംശീകരിക്കാനുള്ള കഴിവ് കുറയുന്നതും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായി ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രകാശ സംശ്ലേഷണത്തിന്റെ ഭാഗമായാണ് മരങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്‌സിജനാക്കി മാറ്റുന്നത്. പകല്‍ സമയത്ത് ഇലകളുടെ ശ്വസന പ്രക്രിയയില്‍ ഉള്ളിലേയ്‌ക്കെടുക്കുന്നതിനേക്കാള്‍ കുറവാണ് പുറത്തേയ്ക്ക് വിടുന്നത്. രാത്രിയില്‍ മറിച്ചാണ് സംഭവിക്കുന്നത്. വരള്‍ച്ച കൂടുതലുള്ള പകല്‍ സമയങ്ങളിലും കാര്‍ബണ്‍ പുറത്തേയ്ക്ക് വിടുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. വേഗത്തില്‍ വളരുന്ന മരങ്ങളാണ് കൂടുതല്‍ കാര്‍ബണ്‍ വലിച്ചെടുക്കുന്നു.

അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍ വിവിധ വന മേഖലകളിലെ സസ്യങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. വരള്‍ച്ച അതില്‍ പ്രധാനപ്പെട്ട വിഷയമാണ്. മരങ്ങള്‍ ശരിയായി വളരാത്തതിനാല്‍ അവ കാര്‍ബണ്‍ വലിച്ചെടുക്കുന്നതും കുറഞ്ഞ അളവില്‍ മാത്രമായിരിക്കും. ഇത് അന്തരീക്ഷ താപനിലയെയും മലിനീകരണത്തെയും ത്വരിതപ്പെടുത്തും.

നിലവില്‍ ഉള്ള മരങ്ങള്‍ പോലും കാലാവസ്ഥാ മാറ്റത്തോട് പ്രതികരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത്, അവ സംഭരിക്കുന്ന കാര്‍ബണിന്റെ അളവ് കുറയുകയാണ്. ആവശ്യമായ വെള്ളം ലഭ്യമല്ലാത്തതും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതും ഇതിന് കാരണമാകുന്നു. പുതിയ സ്പീഷിസിലുള്ള ചെടികള്‍ ഉണ്ടാകുന്നില്ല എന്നതും ആശങ്കാജനകമാണ്. വരള്‍ച്ചയെ പ്രതിരോധിക്കുന്ന മരങ്ങള്‍ വച്ചു പിടിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും ഗവേഷകര്‍ പറയുന്നു.

2030 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 33-35 ശതമാനം വരെ കുറയ്ക്കുമെന്നാണ് 2015ല്‍ ലക്ഷ്യം വച്ചിരുന്നത്. 2.5-3 ബില്യണ്‍ ടണ്‍ വനം വച്ചു പിടിപ്പിക്കുമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍, ഇന്ത്യയിലെ കാലാവസ്ഥാ മാറ്റം ദിനം പ്രതി വര്‍ദ്ധിക്കുന്നു എന്നാണ് നേരിട്ടുള്ള അനുഭവം. വെള്ളപ്പൊക്കവും വരള്‍ച്ചയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മാറിമാറി ഉണ്ടായിക്കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.

Top