ദോഹ: ഖത്തറില്‍ അതി ശക്തമായ ചൂട് കൂടുന്നു.വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 18 മുതല്‍ 37 കിലോമീറ്റര്‍ വേഗതയില്‍ അടുക്കുന്ന കാറ്റിനെ തുടര്‍ന്ന് കടല്‍ ജലം ക്രമാതീതമായി ഉയരാനും ശക്തമായ തിരമാല ആഞ്ഞടിക്കാനും സാധ്യതയുള്ളതിനാല്‍ കടലില്‍ മല്‍സ്യ ബന്ധനത്തിനും മറ്റുമായി പോകുന്നവരും കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം.
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 33 ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. കൂടിയ താപനില 46 ആയിരുന്നു.ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ വരെ കൂടാനും ഇടയുണ്ട്. കടലില്‍ എട്ടടി വരെ ഉയരത്തിലും തീരപ്രദേശങ്ങളില്‍ ആറടി വരെ ഉയരത്തിലും തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.