‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത ഡ്രഗിനാണ് അനുമതി ലഭിച്ചത്.
ഐസിഎംആറും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേര്‍ന്ന് വികസിപ്പിച്ച ‘ആന്റിസെറ’ കൊവിഡിനെതിരായ ആന്റിബോഡി ചികിത്സയാണ്. മൃഗങ്ങളില്‍ സാര്‍സ് കോവ് 2 കുത്തിവെച്ചാണ് ആന്റിസെറ വികസിപ്പിച്ചെടുക്കുന്നത്.
പഠനത്തിന്റെ ഭാഗമായി പത്തു കുതിരകളിലാണ് സാര്‍സ് കോവ് 2 കുത്തിവെച്ചിരുന്നത്. തുടര്‍ന്ന് 21 ദിവസത്തിന് ശേഷം പ്ലാസ്മ സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചു. ഇതിലാണ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്ലാസ്മാ തെറാപ്പിയുടെ അതേ രീതിയിലാണ് ആന്റിസെറയുടെയും പ്രവര്‍ത്തനം.