closed bar in national highway open soon

കൊച്ചി: ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ പരിധിക്കുള്ളില്‍ പൂട്ടിയ ബാറുകളും ബീയര്‍വൈന്‍ പാര്‍ലറുകളും മദ്യവില്‍പനശാലകളും തുറക്കാനൊരുങ്ങുന്നു.

ബാറുകളും ബീയര്‍വൈന്‍ പാര്‍ലറുകളും മദ്യവില്‍പനശാലകളും അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നു പൂട്ടിയവയില്‍ പലതും പുതുതായി നേടിയ കോടതി ഉത്തരവുകളുടെ ബലത്തിലാണ് തിരിച്ചുവരുന്നത്.

പല പാതകളും ദേശീയസംസ്ഥാന പാതയല്ലെന്നു കോടതികള്‍ വിധിച്ചതോടെയാണ് ബാറുകള്‍ക്കും ബീയര്‍ പാര്‍ലറുകള്‍ക്കും വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്.

സുപ്രീംകോടതി വിധി നടപ്പാക്കിയതോടെ സംസ്ഥാനത്തു ബവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ക്ലബ്ബുകള്‍, ബീയര്‍വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 1956 കേന്ദ്രങ്ങള്‍ പൂട്ടിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ 46 മദ്യവില്‍പനശാലകളില്‍ 18 എണ്ണം പൂട്ടിയിരുന്നു. ഇതില്‍ ആറെണ്ണം തുറന്നു. കഴക്കൂട്ടം തമ്പാനൂര്‍ കളിയിക്കാവിള പാത ദേശീയപാത അല്ലാതായതോടെ ഇവിടത്തെ അഞ്ചു വില്‍പനശാലകള്‍ കൂടി ഇന്നു തുറക്കും.

എറണാകുളം ജില്ലയില്‍ പഴയ ആലുവ എറണാകുളം റോഡ് നഗരപാതയാണെന്ന ഹൈക്കോടതി വിലയിരുത്തലോടെ, ഈ റോഡിലെ അടച്ചുപൂട്ടിയ 19 ബീയര്‍ പാര്‍ലറുകള്‍ തുറന്നു. റോഡിനു ചേര്‍ന്നുള്ള രണ്ടു ക്ലബ്ബുകളിലെ ബാറുകളും തുറന്നു.

അതേസമയം, മൂവായിരത്തോളം കിലോമീറ്റര്‍ ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലാക്കി പുനര്‍വിജ്ഞാപനം ചെയ്യാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി മൂന്നു മാസത്തേക്കു സ്റ്റേ ചെയ്തു. മഹാരാഷ്ട്രയില്‍ മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേകളുടെ പദവി മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കി. ഇതുമൂലം നാനൂറോളം ബാറുകള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയും.

Top