തിരുവനന്തപുരം: രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ സിവില്‍ വ്യോമയാന മേഖല പൂര്‍ണമായി സ്വകാര്യവത്കരിക്കാനുളള നീക്കമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഇതില്‍നിന്നു പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യപങ്കാളിത്തം പ്രയോജനപ്പെടുമെന്ന ന്യായം പറഞ്ഞാണ് കേന്ദ്രമന്ത്രിസഭ സ്വകാര്യവത്കരണ തീരുമാനമെടുത്തത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടപടികള്‍ നീങ്ങുന്നതിനിടയിലാണ് സ്വകാര്യവത്കരിക്കാനുളള തീരുമാനം വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കേരളത്തെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കുന്നത്.