തിരുവനന്തപുരം: കൊച്ചി പത്മയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് റോഡില്‍ രക്തമൊലിപ്പിച്ചു കിടന്ന തൃശൂര്‍ സ്വദേശി സജിയുടെ ജീവന്‍ രക്ഷിച്ച ഹൈക്കോടതി അഭിഭാഷക രഞ്ജിനി രാമാനന്ദിന് നിയമസഭയുടെ അഭിനന്ദനം.
രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സജിയെ രക്ഷിക്കാതെ ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആരും നിഷ്‌ക്രിയരായി നില്‍ക്കരുത്, മനുഷ്യ ജീവനുകള്‍ വളരെ വിലപ്പെട്ടതാണ്, പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്, ആശുപത്രിയില്‍ എത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്, അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.