കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; ആശ്വാസമെന്ന് മോഫിയയുടെ പിതാവ്

ആലുവ: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി മോഫിയയുടെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രിയുമായി താന്‍ സംസാരിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനായ സിഐ സി.എല്‍. സുധീറിന്റെ സ്ഥലം മാറ്റം നടപടിക്രമം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ നടപടികള്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി. അന്വേഷണത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെ നേരിട്ടു വിളിക്കാന്‍ നമ്പര്‍ നല്‍കിയെന്നും ദില്‍ഷാദ് പറഞ്ഞു. മന്ത്രി പി. രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മോഫിയയുടെ മാതാപിതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആശ്വാസമുണ്ടെന്നും ദില്‍ഷാദ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മന്ത്രി രാജീവും പറഞ്ഞു.

എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി വി. രാജീവിനാണ് അന്വേഷണച്ചുമതല. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ആലുവ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണു സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മോഫിയ തൂങ്ങിമരിച്ചത്. ഗാര്‍ഹിക പീഡനത്തിനെതിരെ നല്‍കിയ പരാതിക്കു പരിഹാരം കാണേണ്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ മാനസികരോഗി എന്നു വിളിച്ചതാണു മകളെ തകര്‍ത്തതെന്നു മാതാവ് ഫാരിസ കുറ്റപ്പെടുത്തി.

ഭര്‍ത്താവും കുടുംബാംഗങ്ങളും 45 ലക്ഷം രൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ടു മോഫിയ പര്‍വീണിനെ പീഡിപ്പിച്ചതായി പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയെ മരുമകളെപ്പോലെയല്ല, വേലക്കാരിയെപ്പോലെയാണു പ്രതികള്‍ കണക്കാക്കിയത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മാനസിക ദൗര്‍ബല്യമുള്ള ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. പള്ളി വഴി വിവാഹമോചനത്തിനു കത്തു നല്‍കി. വേറെ കല്യാണം കഴിക്കുമെന്നു സുഹൈല്‍ ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണു മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Top