സമരം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ യോഗം ബുധനാഴ്ച ; പുതുവൈപ്പില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍

കൊച്ചി: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. നാട്ടുകാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുതുവൈപ്പില്‍ ഞായറാഴ്ച രാവിലെ മുതല്‍ നടന്ന എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്‌ളാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുവൈപ്പില്‍ കോണ്‍ഗ്രസ്സ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം പുനരാരംഭിച്ചത്.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്‌നിയാഴ്ച ചര്‍ച്ച നടന്നില്ല.

ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംങ്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും സമരക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പോലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

Top