ന്യൂഡല്‍ഹി; സംസ്ഥാനത്തെ ഡിസിസി നേതൃസ്ഥാനത്ത് പുതുമുഖങ്ങളെ പ്രതിഷ്ഠിക്കുക വഴി കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശം.
ഇനി ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കും പിടിവാശികള്‍ക്കും വഴങ്ങി കൊടുക്കില്ലെന്ന സന്ദേശം, ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുളള സാധ്യതയാണ് തെളിയുന്നത്.
തങ്ങളുടെ സ്ഥാനാരോഹണം ഗ്രൂപ്പിന്റെ ശക്തിയില്ലെന്ന തിരിച്ചറിവ് ഇനി കെപിസിസി അദ്ധ്യക്ഷനോട് കൂടുതല്‍ അടുപ്പത്തോടെ സഹകരിക്കാന്‍ നിയുക്ത പ്രസിഡന്റുമാര്‍ക്കും പ്രചോദനമാകും.
മറിച്ചായാല്‍ തെറിക്കാന്‍ അധിക സമയം വേണ്ടി വരില്ലെന്ന കാര്യവും ഉറപ്പാണ്. പഴയപോലെ ഗ്രൂപ്പ് കളിച്ചാല്‍ ‘പണിയാകും’ എന്നതിനാല്‍ വലിയ സാഹസങ്ങളൊന്നും തിരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് സൂചന.
ഇനി നടക്കാനിരിക്കുന്ന കെപിസിസി പുന:സംഘടനയില്‍ ആരൊക്കെ വെട്ടിപോകുമെന്നതാണ് പല മുതര്‍ന്ന നേതാക്കളുടെയും ചങ്കിടിപ്പിക്കുന്നത്.
അതിനാല്‍ തന്നെ ഗ്രൂപ്പു ‘മാനേജര്‍’മാരുള്‍പ്പെടെ സുധീരന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാനുളള തന്ത്രപരമായ നീക്കത്തിലാണ്.
സുധീരന് പാര്‍ട്ടിയെ കേരളത്തില്‍ നയിക്കുന്നതിനാവശ്യമായ ‘ഭൗതിക’ സാഹചര്യം ഒരുക്കുക എന്നതാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി അദ്ധ്യക്ഷനെ മാറ്റികൊണ്ടുളള ഒരു സംഘടനാ തിരഞ്ഞെടുപ്പിനും തല്‍ക്കാലം രാഹുല്‍ ഒരുക്കമല്ല.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഗ്രൂപ്പ് കളിച്ച് സുധീരനെ പോലെ ക്ലീന്‍ ഇമേജുളളവരെ ഗ്രൂപ്പുകള്‍ സംയുക്തമായി വെട്ടി നിരത്തുമെന്ന് രാഹുലിനും നല്ല ബോധ്യമുണ്ട്.
ബൂത്ത് തലം മുതല്‍ കെപിസിസി തലം വരെ ഇനി സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാല്‍ പോലും പ്രസിഡന്റിനെ ഹൈക്കമാന്റ് തീരുമാനിക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടികാട്ടുന്നത്.
കേരളത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 പേരെങ്കിലും, യുഡിഎഫിന്റെ ഭാഗമായി വിജയിച്ചു വരണമെന്നാണ് ഹൈക്കമാന്റിന്റെ ആഗ്രഹം. ഭരണ വിരുദ്ധ വികാരം വോട്ടായാല്‍ അത് നിഷ്പ്രയാസം കഴിയുമെന്നാണ് ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്സിന്റെ മാനം കാത്തത് കേരളവും, കര്‍ണ്ണാടകയുമാണ്.
ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി രമേശ് ചെന്നിത്തലയെ അല്ല സുധീരനെയാണ് ഹൈക്കമാന്റ് കാണുന്നതെന്ന് വ്യക്തമാകുന്നതോടെ കൂടുതല്‍ നേതാക്കള്‍ സുധീരപക്ഷത്തേക്ക് ചുവട് മാറാനാണ് സാധ്യത.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രകടനം സുധീരന്റെ ഭാവിക്കും നിര്‍ണ്ണായകമായേക്കും.