കൊച്ചി: കൊച്ചി മെട്രോയുടെ ഔപചാരിക പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഫളാഗ് ഓഫ് ചെയ്തു. 900 മീറ്റര്‍ ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാകും പരീക്ഷണ ഓട്ടം. ജുലൈയില്‍ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി 2016 ഒക്ടോബറില്‍ തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാം എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി രൂപകല്‍പന ചെയ്തിരുന്നതെങ്കിലും പൈലറ്റിനെ വച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വിട്ടുനിന്നു. ക്ഷണക്കത്തില്‍ പേരില്ലാത്തതിനാലാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ച്ചയായി മുട്ടം യാര്‍ഡില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ആലുവ മുട്ടം യാര്‍ഡില്‍ പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷം മാത്രമേ പുറത്തെ ട്രാക്കിലേക്ക് കോച്ച് മാറ്റു.
ആലുവാ മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയുമായിരിക്കും പരീക്ഷണ ഓട്ടം. അതിനുശേഷം മഹാരാജാസ് വരെയും നീട്ടും. ജൂണില്‍ റെയില്‍വേ സുരക്ഷ അതോറിറ്റി കമ്മിഷണര്‍ എത്തി അനുമതി പത്രം നല്‍കിയശേഷം മാത്രമേ മെട്രോ സര്‍വ്വീസുകള്‍ തുടങ്ങൂ.