തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്‍സിപി യോഗത്തിന് ശേഷം ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ദേശീയ നേതൃത്വവുമായി ചര്‍ച്ച വേണമെന്ന് എന്‍സിപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പത്തരയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ അറിയിച്ചത്.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍നിന്നും സിപിഐ വിട്ടുനിന്നത് അസാധാരണ സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ എന്തുകൊണ്ടു പങ്കെടുക്കുന്നില്ലെന്നു ചൂണ്ടികാട്ടി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഒരു കത്തു നല്‍കിയിരുന്നെന്നും, ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു കാട്ടിയുള്ള കത്തായിരുന്നു അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിപിഐ മന്ത്രിമാര്‍ യോഗത്തില്‍നിന്നു വിട്ടുനിന്നത് അസാധാരണമായ സംഭവമാണെന്നും, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, തോമസ് ചാണ്ടിയുടെ രാജി ഉപാധികളോടെ അംഗീകരിക്കില്ലെന്നാണ് സിപിഐ തീരുമാനം.
നേരത്തെ, ഉപാധികളോടെ രാജിവെക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചിരുന്നു.
തോമസ് ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് എന്‍സിപിയും സൂചിപ്പിച്ചിരുന്നു.
സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ മനംമാറ്റം.
തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്.
മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസില്‍ സമാന്തര യോഗം ചേരുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.