ആലപ്പുഴ : കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍.
കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.
കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്‌നത്തില്‍ പ്രത്യേക നിയമനിര്‍മാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപിയുടെ ഭുവനേശ്വര്‍ സമ്മേളനത്തിന്റെ ആഹ്വാനമാണ് ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാര്‍ട്ടി എന്നത്. ഇതില്‍ ഒരു സംസ്‌കാരമെന്നത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.
പ്രശ്‌നം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണ് നിയന്ത്രണത്തിനു പിന്നിലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.