കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും.ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും. ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്‍റീയർമാർ ഇരുചക്രവാഹനത്തിൽ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെൻഷനിൽ ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
വിമാനത്താവളം മുതല്‍ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 18 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.