നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു; പ്രതിനിധികളുമായി ചൊവ്വാഴ്ച ചര്‍ച്ച

nurse strike

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ പ്രതിനിധികളുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ശമ്പള പരിഷ്‌കരണ ഉത്തരവ് മാര്‍ച്ച് 31നകം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അനിശ്ചിതകാല സമരം നടത്താന്‍ യുഎന്‍എ തീരുമാനിച്ചിരുന്നു. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

സമരം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആശുപത്രികളിലെ മുഴുവന്‍ നഴ്‌സുമാരും കൂട്ട അവധിയെടുത്ത് പണിമുടക്ക് നടത്തുന്നതെന്ന് യുഎന്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം അഞ്ചിന് വിധിക്കെതിരെ ഹൈക്കോടതിയില്‍ സംഘടന കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Top