ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവശങ്കറിന് പുസ്തകം എഴുതാന്‍ അനുമതി നല്‍കിയോ എന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി. മാസങ്ങള്‍ക്ക് ശേഷം ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ആണ് ശിവശങ്കറുമായും സ്വപ്ന സുരേഷുമായും ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. പുസ്തക രചനയ്ക്ക് മുന്നോടിയായി ശിവശങ്കര്‍ സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പലതവണ ചോദിച്ചെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല.

എന്നാല്‍ ശിവശങ്കര്‍ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കര്‍ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top