ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച എംഎല്‍എമാരുടെ യോഗം ആരംഭിച്ചു.
ആകെ 108 എംഎല്‍എമാരാണ് യോഗത്തിനെത്തിയിരിക്കുന്നത്. ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തു നടക്കുന്ന യോഗത്തില്‍ ടി.ടി.വി. ദിനകരന്‍ പക്ഷത്തെ ഒരു എംഎല്‍എയും പങ്കെടുക്കുന്നുണ്ട്. പത്തു ദിവസത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്.
ലയനശേഷം എംഎല്‍എമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചുചേര്‍ത്തെങ്കിലും ആദ്യമായാണു ദിനകരന്‍ വിഭാഗത്തിലെ എംഎല്‍എമാരെ ക്ഷണിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുക എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് പുതുച്ചേരിയിലുള്ള എംഎല്‍എമാര്‍ അറിയിച്ചത്. പാര്‍ട്ടി ജനറല്‍ കൗണ്‍സിലിനു കേവലം ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണു മുഖ്യമന്ത്രി വീണ്ടും എംഎല്‍എമാരുടെയും പ്രധാന ഭാരവാഹികളുടെയും യോഗം വിളിച്ചത്.