തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ പതിനൊന്ന് മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതില്‍ മഴയുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അറബിക്കടലിലെ ചക്രവാതചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന മഴക്കെടുതിയിലാണ് എത്തിച്ചത്. ഒക്ടോബര്‍ പന്ത്രണ്ട് മുതല്‍ 20 വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ സംഭവിച്ചു. ഉരുള്‍പൊട്ടലില്‍പെട്ട് 19 പേരാണ് മരിച്ചത്. ആറ് പേരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 3751 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ മഴയ്ക്ക് അല്‍പം ശമനം വന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണം.
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് രണ്ട് ദിവസം തുടരാനാണ് സാധ്യത. ഇതിന്റെ സാന്നിധ്യത്തില്‍ 20 മുതല്‍ 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 21 ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.