ജനസംഖ്യാ രജിസ്റ്റര്‍ ചതിക്കുഴി; ആര്‍എസ്എസ് അജണ്ട ഇവിടെ വിലപ്പോകില്ല: മുഖ്യമന്ത്രി

കോഴിക്കോട്: മുസ്ലീം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു സംഘപരിവാര്‍ ഭീഷണിയും വിലപ്പോവില്ല. വര്‍ഗീയവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണു നമ്മള്‍ മാറ്റി നിര്‍ത്തുന്നതെന്നും പിണറായി പറഞ്ഞു. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാ റജിസ്റ്റര്‍ ചതിക്കുഴിയാണ്. ജനസംഖ്യാ റജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും ജനസംഖ്യറജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍ ആര്‍ സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞത്. ആര്‍എസ്എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് നയമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നത് ആര്‍എസ്എസ് അജണ്ടയാണ്.ബിജെപി സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് കാണുന്നത്. ഒരു വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരുമിച്ചുനിന്നാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെന്‍സസിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടില്‍ ചെലവാകില്ല. ഒരുമയാണു നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top