തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്.
ഈ മാസം രണ്ടാം തിയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിണറായി കേരളത്തില്‍ തിരിച്ചെത്തിയത്.
ഇതിനിടെ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്ന അഭ്യര്‍ഥനയും അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ പിണറായി വച്ചിരുന്നു.
പ്രോസ്ട്രേറ്റ് സംബന്ധമായ ചികില്‍സയ്ക്കാണ് പിണറായി അമേരിക്കയില്‍ പോയത്. മയോ ക്ലീനിക്കിലെ ചികില്‍സ വിജയമാണെന്നാണ് സൂചന. എന്നാല്‍ ചികില്‍സയുടെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ഇന്ന് മുതല്‍ തന്നെ പിണറായി ഔദ്യോഗിക ചുമതലകളില്‍ സജീവമാകും. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച സിപിഎം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകും. 26-ന് പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിട്ടുണ്ട്.