വായ്പ അടക്കാത്തതിന് കിടപ്പാടം നഷ്ടമായ വൃദ്ധ ദമ്പതികൾക്ക് രക്ഷകനായി മുഖ്യമന്ത്രി

കൊച്ചി: വായ്പ തിരിച്ചടക്കാൻ കഴിയാത്തതിന്റെ പേരിൽ സ്വന്തം വീട്ടിൽ നന്നും അടിച്ചിറക്കപ്പെട്ട പാവം വൃദ്ധ ദമ്പതികളുടെ കണ്ണുനീരിന് ‘പരിഹാരക്രിയ’ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

നാടിനെ നടുക്കിയ സംഭവത്തിൽ ദ്രുതഗതിയിൽ ഇടപെട്ടാണ് മുഖ്യമന്ത്രി ദമ്പതികളുടെ രക്ഷക്കെത്തിയത്.

പിണറായിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് വൃദ്ധദമ്പതികളുടെ രക്ഷക്ക് ജില്ലാ ഭരണകൂടം തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്താക്കിയ വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ വീട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

മാത്രമല്ല ജപ്തി നടപടിക്കുശേഷം വീട് ഏറ്റെടുത്തവരുമായി ചര്‍ച്ച നടത്താനും മൂന്നുമാസത്തെ സാവകാശം തേടാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ ഹൗസിംഗ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് വൃദ്ധദമ്പതികളെ വീട്ടില്‍ നിന്നിറക്കി വിട്ടത്. ഏഴു വര്‍ഷം മുമ്പെടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങി പലിശയടക്കം വന്‍തുകയാകുകയായിരുന്നു. ഏകദേശം 2,70000 രൂപയാണ് ഇവര്‍ തിരിച്ചടയ്‌ക്കേണ്ടത്.

ഇത് അടക്കാത്തതിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കു മുമ്പു ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി. രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. തുടര്‍ന്ന് വീട് ലേലത്തില്‍ പിടിച്ച ആള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു.

വീട്ടില്‍ നിന്നിറക്കി വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധദമ്പതികളെ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കമ്മിഷന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

Top