അവലോകനയോഗം തുടങ്ങി ; പ്രതിപക്ഷം പങ്കെടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തമെന്ന് മന്ത്രി

ആലപ്പുഴ : ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള അവലോകന യോഗത്തിന് തുടക്കമായി. യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ഏഴ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ അറിയിച്ചു. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

പ്രകടനപരതയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് മാത്യു.ടി.തോമസും പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തോമസ് ഐസകും പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.
ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Top