സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളില്ല; ഏഴുപേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ കോവിഡ് രോഗ മുക്തരായി. കോട്ടയത്ത് ആറും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.

502 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.നിലവിൽ 30 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 14670 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതിൽ 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇന്ന് 58 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 34599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചതിൽ 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് കോവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. എട്ടുജില്ലകള്‍ കോവിഡ് മുക്തമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്.

സംസ്ഥാനത്ത് പുതുതായി ഹോട്ട്സ്പോട്ടുകളില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top