മോന്‍സന്‍ വിഷയത്തില്‍ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ട, അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ലക്ഷ്യം വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും, കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയിച്ചു. കേസില്‍ പൊലീസിനുണ്ടായ വീഴ്ച്ചകള്‍ അന്വേഷണ പരിധിയില്‍ ഉണ്ട്. വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, മോന്‍സനൊപ്പമുള്ള ഒരു ഫോട്ടോയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മോന്‍സണിനൊപ്പം മുന്‍ മന്ത്രി സുനില്‍ കുമാര്‍ അവാര്‍ഡ് നല്‍കുന്നതും മന്ത്രി റോഷി അഗസ്റ്റിന്‍ ഒപ്പം നില്‍കുന്നതുമായ ചിത്രങ്ങളുണ്ട്. എന്നാല്‍, അവരെല്ലാം തട്ടിപ്പില്‍ പ്രതികളാണെന്ന് തങ്ങള്‍ പറയണമോ എന്ന് സതീശന്‍ ചോദിച്ചു. കേരളത്തിലെ പ്രതിപക്ഷം അനാവശ്യ ആരോപണം ആര്‍ക്കെതിരെയും ഉന്നയിക്കില്ല. അത്തരത്തില്‍ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും സതീശന്‍ വ്യക്തമാക്കി.

തട്ടിപ്പില്‍ രാഷ്ട്രീയക്കാരോ സെലിബ്രിറ്റികളോ ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെ. ഓരോ മനുഷ്യനും അവന്റെ ജീവിതകാലം മുഴുവന്‍ കഠിനദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പ്രതിച്ഛായയാണ് എല്ലാവര്‍ക്കും ഉള്ളത്. അത് മാധ്യമ വിചാരണ ചെയ്ത് ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. ഒരു ഫോട്ടോ കാണിച്ച് ഒറ്റ ദിവസം കൊണ്ട് പ്രതിച്ഛായ തട്ടിത്തെറിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സതീശന്‍ അറിയിച്ചു.

തട്ടിപ്പ് നടത്തിയ ആളെ പൊലീസ് പിടിച്ചാല്‍ അയാളുടെ കൂടെ ജീവിതകാലത്ത് ഫോട്ടോ എടുത്തവരെ എന്തിന് വലിച്ചിഴക്കുന്നത്. അവരെങ്ങനെ കേസിലെ പ്രതികളാകും. തട്ടിപ്പ് നടത്തിയതില്‍ പങ്കുണ്ടെങ്കില്‍ ഡി.ജി.പിയോ മുന്‍ ഡി.ജി.പിയോ ആണെങ്കിലും നിയമത്തിന് മുമ്പില്‍ കൊണ്ടുവരട്ടെ എന്നും സതീശന്‍ വ്യക്തമാക്കി.

Top