തമിഴ്‌നാടിന്റേത് ജനദ്രോഹം; സ്റ്റാലിനെ നേരിട്ട് ധരിപ്പിക്കാന്‍ തീരുമാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ഷട്ടര്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയില്ലെന്നും, ഇത് ജനഹിതത്തിന് യോജിച്ചതല്ല, തമിഴ്‌നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടും. തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയേയും വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്‌നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്. ഇതേത്തുടര്‍ന്ന് വള്ളക്കടവിലെ വീടുകളില്‍ വെള്ളം കയറി.

തുറന്ന 10 ഷട്ടറുകളില്‍ ഏഴെണ്ണം അടച്ചു. നിലവില്‍ മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 1,261.83 ഘനയടി വെള്ളം ഒഴുക്കുന്നു. ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

Top