തിരുവനന്തപുരം: കണ്ണൂരിൽനിന്നും മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് മടങ്ങിയെത്തി. മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ 380 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്കാണ് സുരക്ഷയുടെ മേൽനോട്ടം. മുഖ്യമന്ത്രിക്കു പിന്തുണയുമായി നൂറു കണക്കിനു പാര്‍ട്ടി പ്രവർത്തകർ വിമാനത്താവളത്തിനു മുന്നിലെത്തി. നഗരത്തിലെ എല്ലാ അസി.കമ്മിഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. വിമാനത്താവളം മുതൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസുവരെ റോഡിന് ഇരുവശത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽനിന്നും മുഖ്യമന്ത്രി പുറത്തേക്കു വരുന്ന വഴിയിൽ ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ അനുഗമിക്കാനെത്തിയ ഉദ്യോഗസ്ഥർ കറുത്ത മാസ്ക് ധരിച്ചത് കൗതുകമായി. പൈലറ്റ്, എസ്കോർട്ട് കമാൻഡോകൾക്കും മുഖ്യമന്ത്രിയുടെ ഡ്രൈവർക്കുമാണ് കറുത്ത മാസ്ക് ഉണ്ടായിരുന്നത്. വിമാനത്താവളത്തിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ടു. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.