തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള തീരത്തെ അപകടസാധ്യതാ വിശകലനത്തിനും തയ്യാറെടുപ്പുകള്‍ക്കും ഒരു ത്രിമാന ഭൂപടം തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ് ശര്‍മ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടെയും വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളുമായി ആശയ വിനിയമം നടത്തുന്നതിനുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച്1,500 കിലോമീറ്റര്‍ വരെ വാര്‍ത്താവിനിമയം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നാവിക് ഉപകരണങ്ങളുടെ ഫീല്‍ഡുതല പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കടലില്‍ അകപ്പെട്ടുപോകുന്ന മത്സ്യതൊഴിലാളികളുടെ യഥാര്‍ത്ഥ സ്ഥാനം മനസിലാക്കുന്നതിന് റേഡിയോ ബീക്കണുകള്‍ നാവിക്കില്‍ ഘടിപ്പിക്കുന്നതായിരിക്കും. 1,500 നാവിക്കുകള്‍ വൈകാതെ വിതരണം ചെയ്യും. മുഴുവന്‍ മത്സ്യബന്ധനയാനങ്ങള്‍ക്കും ആവശ്യമായ നാവിക് ഉപകരണങ്ങള്‍ കെല്‍ട്രോണില്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ചും കടലിന്റെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മുന്‍കൂട്ടി മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിന് ഹൈദരാബാദിലെ ഐഎന്‍സിഒഐഎസുമായിധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിന് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നതാണ്. മൂന്ന് ആംബുലന്‍സുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. മത്സ്യബന്ധനയാനങ്ങളുടെ ആധുനികവത്കരണം, സൗരോര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍, മറൈന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍,മറൈന്‍ ആംബുലന്‍സുകള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 7,340 കോടി രൂപയുടെ ഒരു സമഗ്ര പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
തീരദേശമേഖലയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ രമണ്‍ ശ്രീവാസ്തവ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്. ആ സംവിധാനത്തില്‍ മത്സ്യത്തൊഴികളുടെ പങ്കും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.