തിരുവനന്തപുരം: റോഡപകടങ്ങളുടെയും, മരണപ്പെട്ടവരുടെയും എണ്ണത്തില്‍ 2017 ല്‍ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. 2016ല്‍ ആകെ 39,420 റോഡ് അപകടങ്ങളില്‍ 4,287 പേര്‍ മരിച്ചു. 2017 ല്‍ റോഡ് അപകടങ്ങള്‍ 38, 486 ആയും മരണസംഖ്യ 4,061 ആയും കുറഞ്ഞു.
സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കുകയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് കുറവുണ്ടായിട്ടുള്ളതെന്ന് റോജി എം ജോണ്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
റോഡപകടങ്ങള്‍ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനായും ജില്ലാതലങ്ങളില്‍ റോഡ് സുരക്ഷാ കമ്മറ്റികള്‍ക്കും ഹൈവേകളില്‍ ഹൈവേ പൊലീസിന്റെ നേതൃത്വത്തില്‍ ഹൈവേ ജാഗ്രതാ സമിതികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിവരുന്നുണ്ട്.
പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, ഇരുചക്ര വാഹകര്‍ എന്നിവര്‍ക്കും വിവിധ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ട്രാഫിക് ബോധവത്കരണ പരിപാടികള്‍ കേഡറ്റ് പദ്ധതിയിലൂടെയും മറ്റും നടപ്പിലാക്കിവരുന്നുണ്ട്.
വാഹന അപകടങ്ങള്‍ പരമാവധി കുറച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് ‘ശുഭയാത്ര’ എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.