മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല ; സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി

pinaray

തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിൽ ആദ്യമായിട്ടാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റിനെ കുറിച്ച് നവംബർ 28ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഈ–മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മാത്രമാണ് കടലില്‍ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്.

30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. അപകടത്തിൽ പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായി.

ബോട്ടും വലയും നഷ്ടപ്പെട്ടവർക്ക് തത്തുല്യ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെത്താനാവാത്ത തൊഴിലാളികളുടെ കുടുംബത്തിന് സഹായത്തിന് പ്രത്യേക സമിതി രൂപീകരിക്കും.

തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരാഴ്ചക്കാലത്തേക്ക് പ്രത്യേക ആശ്വാസം. മുതിർന്നവർക്ക് ദിവസേന 60 രൂപ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top