തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നകാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റുമേഖലകളിലും പെന്‍ഷന്‍പ്രായം 60 ആക്കാന്‍ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബല്‍റാം ആരോപിച്ചു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സഭയില്‍ പറഞ്ഞു. സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്. ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ട. തൊഴില്‍ അവസരങ്ങളും തൊഴില്‍ സാധ്യതകളും കൂട്ടും. സര്‍ക്കാര്‍പൊതുമേഖലകളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.