തിരുവനന്തപുരം: കൊവിഡ് ബാധിച്ചയാള്‍ വീട്ടിലുണ്ടെങ്കില്‍ എല്ലാവരും ക്വാറന്റീനില്‍ കഴിയണമെന്നും ഇത് ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ, ക്വാറന്റീന്‍ ലംഘനം പിടിക്കപ്പെട്ടാല്‍ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയേണ്ടിവരും. ഇത് നേരത്തെ കഴിഞ്ഞിരുന്ന വീട്ടിലായിരിക്കില്ലെന്നും അതാത് സ്ഥലത്ത് ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വന്ന ഒരാള്‍ വീട്ടില്‍ കഴിയുന്നുവെങ്കില്‍ വീട്ടിലുള്ള എല്ലാവരും ക്വാറന്റീനില്‍ കഴിയണം. ഇത് കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. ആ വീട്ടിലുള്ള ഒരാള്‍ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകാന്‍ സാധിക്കില്ല. ഇത് കര്‍ക്കശമാക്കേണ്ടതുണ്ട്. ഒരു ദിവസം സംസ്ഥാനത്തുണ്ടാകുന്നത് 30,000-32,000 രോഗികളാണെങ്കില്‍ അത്രയും കുടുംബങ്ങള്‍ നിയന്ത്രണങ്ങള്‍ സ്വയം പാലിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അത്തരക്കാര്‍ക്ക് പിഴ ചുമത്തും. മാത്രമല്ല, പിടികൂടുന്നവര്‍ സ്വന്തം ചെലവില്‍ അതത് സ്ഥലത്ത് ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.