തിരുവനന്തപുരം: കാസര്‍കോടിന്റെ അതിര്‍ത്തിപ്രദേശങ്ങളുടെ പേരുമാറ്റം ആലോചിച്ചിട്ടേയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ പ്രശ്‌നം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പേര് മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. നമ്മുടെ നാട്ടില്‍ അനാവശ്യ പ്രശ്‌നം സൃഷ്ടിക്കാനുള്ള ഗൂഢോദ്ദേശത്തിന്റെ ഭാഗമാണ് ഇത്തരം പ്രചരണം’ മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാര്യം എങ്ങനെ വാര്‍ത്തയാക്കാം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു
അതിര്‍ത്തി പ്രദേശങ്ങളുടെ പേര് മാറ്റാന്‍ നീക്കം നടക്കുന്നത് സംഘ്പരിവാര്‍ പ്രചാരണമാണെന്നും പേരുമാറ്റം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴി സംഘ്പരിവാറുകാരാണ് പ്രചാരണം നടത്തുന്നത്. കര്‍ണാടക നേതാക്കളുടെ പ്രചാരണം കേരള നേതാക്കള്‍ ഏറ്റെടുത്തു. പേരുമാറ്റം പരിഗണനയിലില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കി. ഇതു വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണോയെന്ന് പരിശോധിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തെ പത്തോളം സ്ഥലങ്ങളുടെ പേര് മലയാളീകരിക്കാന്‍ കേരളം ഒരുങ്ങുന്നെന്നായിരുന്നു പ്രചാരണം. ഇതിനു പിന്നാലെ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രിയടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നു.