തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ ആറ് രാഷ്ട്രീയ കൊലപാതകം നടന്നതില്‍ തിരിച്ചറിഞ്ഞ 92 പ്രതികളില്‍ 73 പേരെ പിടികൂടി. തലശ്ശേരി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുകയാണ്. വിവാഹചടങ്ങിനിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോട്ടയം ഈസ്റ്റ് ഷാന്‍ബാബു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതിക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓപറേഷന്‍ കാവല്‍ വഴി 63 പേര്‍ക്കെതിരെ കാപ്പ ചുമത്തുകയും 1,457 പേരെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നത് അടിയന്തരമായി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്‍. ഷംസുദീന്‍ എം.എല്‍.എയാണ് പ്രതിപക്ഷത്തിനു വേണ്ടി നോട്ടീസ് നല്‍കിയത്.