തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് പരിശോധനയിൽ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം നടക്കുന്നതായാണ് സൂചന.
പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സിപിഎം നേതാക്കളുടെ സംശയം. പൊലീസും ഫയര്‍ഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിർദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.