ശബരിമലയിലെ വിശ്വാസങ്ങള്‍ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് : ശ്രീധരന്‍ പിള്ള

Sreedharan Pilla

കോട്ടയം: ശബരിമലയിലെ വിശ്വാസങ്ങള്‍ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സമരത്തിനില്ലെന്ന കോണ്‍ഗ്രസ് നിലപാട് അപലപനീയമാണ്. ഇത്തരം നിലപാടുകളിലൂടെയൊക്കെ സിപിഎം-കോണ്‍ഗ്രസ് രഹസ്യ ധാരണകളാണ് പുറത്ത് വരുന്നതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ആര് മുന്നോട്ടു വന്നാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി ലോങ്മാര്‍ച്ച് നടത്തേണ്ടത് പാര്‍ലമെന്റിലേക്കെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ അന്യായമായി ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്നും സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നു. രണ്ടുമൂന്ന് ക്ഷേത്രങ്ങള്‍ക്ക് എതിരായ ആക്രമണം ഇതിന് തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.

പത്ത് വോട്ട് ലഭിച്ചാല്‍ പോരട്ടെയെന്നാണ് ബിജെപി നിലപാട്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടു മാറ്റത്തിന് കാരണമെന്താണെന്നു ജനങ്ങള്‍ക്ക് അറിയാം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top