തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദീപ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
2013 ജൂണ്‍ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്.
ഇത് തിരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ എച്ച്.ആര്‍./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.