ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് ഐഎംഎ രംഗത്തെത്തിയിരുന്നു.

വിദഗ്ദ്ധര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കില്‍ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെങ്കില്‍ അത് സര്‍ക്കാരിനെ നേരിട്ടറിയിക്കാം. തെറ്റുകളും കുറവുകളും നികത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top