അതിപ്രഗ്ത്ഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം : അതിപ്രഗ്ത്ഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്റില്‍ സി.പി.എമ്മിനെ നയിച്ചതായും മുഖ്യമന്ത്രി അനുശോചിച്ചു.

കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതിന് പാര്‍ലമെന്റിനെ അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചു. ജനവിരുദ്ധമായ നിയമനിര്‍ണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. കുപ്രസിദ്ധമായ ബോഫോഴ്‌സ് ഇടപാട് ഉള്‍പ്പെടെയുളള അഴിമതികള്‍ തുറന്നുകാണിക്കുന്നതില്‍ സോമനാഥിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയില്‍ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. എല്ലാ വിഭാഗമാളുകളുടെയും ബഹുമാനം ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top