cm sudheeran – ramesh chennithala – kpcc

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണായത്തില്‍ എഐ ഗ്രൂപ്പുകളെ പ്രതിസന്ധിയിലാക്കിയ വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കാന്‍ ഗ്രൂപ്പ് ധാരണ.

തിരഞ്ഞെടുപ്പിന് ശേഷം സുധീരനെതിരെ കലാപക്കൊടി ഉയര്‍ത്താനാണ് നീക്കം.

മന്ത്രിമാരായ കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നിവരടക്കമുള്ളവര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ സുധീരന്‍ നടത്തിയ ഇടപെടലുകളാണ് ഇരു ഗ്രൂപ്പുകളെയും പ്രകോപിപ്പിച്ചിട്ടുള്ളത്. മാത്രമല്ല മറ്റ് നിരവധി മണ്ഡലങ്ങളില്‍ ഗ്രൂപ്പുകളെ വെട്ടി സുധീരന്‍ നോമിനികള്‍ സ്ഥാനാര്‍ത്ഥികളായി വന്നതും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

സുധീരനെ ഇങ്ങനെ വിട്ടാല്‍ ഗ്രൂപ്പുകളെ ശിഥിലമാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ കരുനീക്കം.

പാര്‍ട്ടിയില്‍ സുധീരന്‍ ശക്തനായാല്‍ ഭരണം ലഭിച്ചാല്‍ പോലും ‘നേരായ’ രൂപത്തില്‍ ഭരിക്കാന്‍ സമ്മതിക്കില്ലെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയും സംഘവും.

ചെന്നിത്തലയാവട്ടെ മുഖ്യമന്ത്രിയുടെ പിന്‍ഗാമിയാവാനുള്ള അവസരം സുധീരനിലൂടെ തെറിക്കുമെന്ന ഭീതിയിലുമാണ്.

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നേട്ടം മാത്രമാക്കിയും പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സുധീരന്റെ മേല്‍ കെട്ടിവെയ്ക്കാനുമാണ് നീക്കം.

ഇതിനനുസൃതമായ നിലപാട് സ്വീകരിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെ മുരളീധരനെയോ ചെന്നിത്തലയെയോ പ്രസിഡന്റാക്കണമെന്നതാണ് എ ഗ്രൂപ്പിന്റെ താല്‍പര്യം.

ഇരുവരും നേരത്തെ കെപിസിസി പ്രസിഡന്റായവരായിരുന്നതിനാല്‍ ഹൈക്കമാന്റ് സമ്മതിച്ചില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദ്ദേശിക്കും.

സുധീരനെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിക്കുന്നതോടെ ഹൈക്കമാന്റ് വഴങ്ങുമെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ.

അതേസമയം, ഹൈക്കമാന്റ് നേരിട്ട് ഗ്രൂപ്പുകള്‍ക്ക് മീതെ നിയമിച്ച സുധീരനെ ഇത്തരം എതിര്‍പ്പുകള്‍ കൊണ്ട് മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

Top