തിരുവനന്തപുരം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ മന്ത്രി ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കൊവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മുംബൈയില്‍ നിന്ന് മെയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു. അറിയിപ്പ് ലഭിച്ചെങ്കില്‍ മാത്രമേ യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കും അവരുടെ തുടര്‍ന്നുള്ള യാത്രയ്ക്കും ക്വാറന്റൈന്‍ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.