സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാഹം ആലോചിക്കുന്ന ഘട്ടത്തില്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധനസ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വര്‍ദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്. ഇന്ന് മുതല്‍ വനിതാ ദിനമായി മാര്‍ച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. സ്ത്രീധനം അടക്കമുള്ള തിന്മകള്‍ക്കെതിരെ പ്രതികരിച്ചാല്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പ്.

സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നല്‍കുന്നതിലെയും പൊലീസ് വീഴ്ചകള്‍ ഏറെ ചര്‍ച്ചയാകുമ്പോഴാണ് പരാതികളുമായി മുന്നോട്ട് വരാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം. മൂന്ന് ലക്ഷത്തിലധികം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ പ്രവര്‍ത്തകരെ രംഗത്തിറക്കി വീടുകളില്‍ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്.

വാര്‍ഡ് മുതല്‍ ജില്ലാ തലം വരെയും കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സിനിമാ താരം നിമിഷാ സജയനാണ് പ്രചാരണത്തിന്റെ ബ്രാന്‍!ഡ് അംബാസിഡര്‍. അന്താരാഷ്ട്ര തലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം സംഘടിപ്പിച്ചാകും ക്യാമ്പയിന്‍ സമാപനം.

Top