മഅദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും

madani

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

മഅദനിയുടെ യാത്ര ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. മനുഷ്യത്വരഹിതമായ നിലപാടാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതെന്നും കര്‍ണാടക സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യമാണ് മഅദനിയുടെ വിഷയത്തില്‍ പ്രകടമാകുന്നതെന്നും പൂന്തുറ സിറാജ് പറഞ്ഞു.

അതേസമയം യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കുമെന്ന ഉറപ്പ് ലഭിച്ചതായി പൂന്തുറ സിറാജ് അറിയിച്ചിട്ടുണ്ട്‌.

മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചെങ്കിലും സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പൊലീസിന്റെ നിലപാടാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

മഅദനിയുടെ സുരക്ഷയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്കായി 14,79,875 രൂപ കെട്ടിവെയ്ക്കാനാണ് ആവശ്യപ്പെട്ടത്.

ഇതില്‍ 18 ശതമാനം ജി.എസ്.ടി. തുകയായ 2,25,743 രൂപ ഉള്‍പ്പെടും. എ.സി.പി. അടക്കം 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തേക്കുള്ള ചെലവാണ് കണക്കാക്കിയത്.

രണ്ട് എ.സി.പി.മാര്‍ക്ക് ഒരു ദിവസത്തേക്കുള്ള ചെലവ് 8472 രൂപയാണ്. കോണ്‍സ്റ്റബിളിനും ഡ്രൈവര്‍ക്കും ദിവസച്ചെലവായി കണക്കാക്കിയത് 4044 രൂപയാണ്.

മഅദനിയുടെ നാട്ടിലേക്കുള്ള യാത്രയില്‍ കുറഞ്ഞ നിരക്കില്‍ സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ച കാര്യം പൊലീസിനെ ഓര്‍മപ്പെടുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മഅദനിയുടെ അഭിഭാഷകന്‍ ടി. ഉസ്മാന്‍ പൊലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാറുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും നിലപാടില്‍ മാറ്റംവരുത്തിയിരുന്നില്ല.

പണം സര്‍ക്കാരിലേക്ക് കെട്ടിവെച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നായിരുന്നു പൊലീസിന്റെ തീരുമാനം.

എന്നാല്‍, ഇത്രയും ഭീമമായ തുക കെട്ടിവെച്ച് നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് മഅദനിയുടെ കുടുംബാംഗങ്ങള്‍.

Top